
അടൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം. അടൂർ സ്വദേശി മുഹമ്മദ് സബീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ഡിവൈഎഫ്ഐ പ്രവർത്തകന് ജാമ്യം കിട്ടാൻ വേണ്ടി പൊലീസ് കഞ്ചാവിന്റെ അളവ് കുറച്ചുകാണിച്ചു എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ അടൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സബീറിനെ പൊലീസ് പിടികൂടിയത്. അടൂരിലെ ഇയാളുടെ വീടിന് സമീപത്ത് നിന്നാണ് സബീർ പൊലീസിന്റെ പിടിയിലായത്. മൂന്നുഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്തത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, സബീറിൽ നിന്ന് കൂടുതൽ അളവിൽ കഞ്ചാവ് പിടിച്ചിട്ടുണ്ടെന്നും സ്റ്റേഷൻ ജാമ്യം കിട്ടാനായി മൂന്ന് ഗ്രാമാക്കി സിപിഎം നേതൃത്വവുമായി ഒത്തു കളിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഡിവൈഎഫ്ഐ അടൂരിൽ സംഘടിപ്പിച്ച മാർച്ചിനിടെ കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ച ആളാണ് സബീർ. കൊടിമരം നശിപ്പിക്കുന്നതിന്റെ വീഡിയോ സബീർ റീൽസാക്കി സാമാഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചാവുമായി പിടിയിലാകുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്.








